Friday, February 17, 2012

പകല്‍



യാത്ര പറച്ചിലുകള്‍ക്കൊടുവില്‍
പകലു തേടിയിറങ്ങിയവനെ
വഴി ചതിച്ചു!

ഓര്‍മകളില്‍ മങ്ങിക്കണ്ട
വീഥിയുടെ കരങ്ങള്‍
ഏതോ സൂര്യന്റെ പകലുകളിലേക്ക് വിരല്‍ ചൂണ്ടുന്നു..

ഏതു സൂര്യന്‍?

കിനാവിന്റെ പഴഞ്ചന്‍ സഞ്ചിയില്‍
അവന്‍ പരതിനോക്കി
ഒരുപാട് വെളിച്ചം കണ്ടു,
നന്മയുടെ സൂര്യോദയങ്ങള്‍ കാട്ടിത്തന്ന
അച്ഛന്‍ ,
അറിവിന്റെ ദൈവദീപ്തമായ കണ്ണുകള്‍ തുറന്നുതന്ന
അദ്ധ്യാപകന്‍ ,
പ്രാണന്റെ അമ്മിഞ്ഞ പകര്‍ന്ന് ആത്മാവിന്റെ പ്രകാശമായിതീര്‍ന്ന
അമ്മ ,

ഇവയില്‍ എവിടെയാണ് സൂര്യന്‍??
വീഥിയുടെ നീണ്ട കരങ്ങളെല്ലാം
ഒരേ പകലിലേക്ക് തന്നെയാകുമോ വിരല്‍ ചൂണ്ടുന്നത്?

അവന്‍ യാത്ര തുടര്‍ന്നു ,
വഴി ,
ഇരുളും വെളിച്ചവും
കാലം,
നരയും വിവേകവും
അവനു സമ്മാനിച്ചു.

യാത്രയുടെ അവസാന പടവുകളില്‍
അവനറിഞ്ഞു
വഴി ചതിച്ചിട്ടില്ല!

വന്നടുത്തത് സൂര്യനിലേക്കു തന്നെയാണ്
ആത്മാവിന്റെ പകലിലേക്ക് ,
സ്വപ്നങ്ങളുടെ സൃഷ്ടാവിലേക്ക് ,
അച്ഛന്‍ കാട്ടിത്തന്ന
അമ്മ താലോലിച്ച
വീഥികള്‍ വിരല്‍ ചൂണ്ടിയ
എന്നിലെ എന്നിലേക്ക്‌!

Thursday, February 2, 2012

ദുഃ സ്വപ്നം



കാണാന്‍ കണ്ണുകളും
തിളയ്ക്കാന്‍ ചോരയും
പറയാന്‍ നാവുമുണ്ടായിട്ടെന്തേ
നമ്മള്‍ പ്രതികരിക്കുന്നില്ല?
നാം ഉറങ്ങുകയാണോ??
എങ്കിലെന്തേ ദുഃസ്വപ്നങ്ങളില്‍ നിന്ന്
നമ്മെ ഉണര്‍ത്താറുള്ള ആ ചെകുത്താന്‍ വരുന്നില്ല??
അല്ലെങ്കില്‍, ചെങ്കുത്തായ കൊക്കകളില്‍ നിന്ന് നമ്മള്‍ വീഴുന്നില്ല?
കൊടും പേമാരിയില്‍ അകപ്പെടുന്നില്ല?
നാം ഇപ്പോള്‍ ഒരു മരുഭൂമിയിലല്ലേ?
അതിഭീകരമാംവിധം വിജനമായ ഒരു മരുഭൂമിയില്‍ ?
ഇത് ദുഃ സ്വപ്നം അല്ലെങ്കില്‍ പിന്നെന്തേ
നാം തമ്മില്‍ കാണുന്നില്ല?
ഒരുമിച്ചു ചിന്തിക്കുനില്ല ?
ഒരിക്കലും ഉണരുന്നില്ല ?

Tuesday, January 31, 2012

എന്‍റെ സ്വന്തം കോളേജിന്..




ഞങ്ങളുടെ ലോകത്ത് വാക്കുകളുണ്ട്,
മൂര്‍ച്ചയില്ല..

വരികളുണ്ട്,
അര്‍ത്ഥമില്ല..

ആദര്‍ശങ്ങളുണ്ട്,
അടിയുറപ്പില്ല..

അഭിപ്രായങ്ങളുണ്ട്,
കൂട്ടായ്മയില്ല..

പ്രതികളുണ്ട്‌,
പ്രതികരണങ്ങളില്ല..

അറിവുണ്ട്,
വിവേകമില്ല..

സ്വപ്നങ്ങളുണ്ട്,
പകളുകളില്ല..

പ്രതീക്ഷകളുണ്ട്,
അതെ..ഇല്ലാതാകുന്നത് ഞങ്ങളാണ്,
ഞങ്ങള്‍ മാത്രം...

ജീവന്‍റെ ചെകുത്താന്‍ ...



ഉറുമ്പുകളുടെ ദൈവമാകണം
മധുരം കണ്ടുപിടിച്ചത്
തേനീച്ചകളുടെ ദൈവം തേനും
കുയിലിന്‍റെ ദൈവമാകും
പാട്ട് കണ്ടുപിടിച്ചത്
കോലിന്‍റെ ദൈവം താളവും.

അര്‍ത്ഥങ്ങളുടെ ദൈവം അക്ഷരങ്ങളും
ചിലങ്കയുടെ ദൈവം നൃത്തവും കണ്ടുപിടിച്ചു.

അങ്ങിനെയെങ്കില്‍ ജീവന്‍റെ ദൈവമാകും
സ്നേഹം കണ്ടുപിടിച്ചത്
അതുകൊണ്ടല്ലേ ജീവനുള്ളവയെല്ലാം സ്നേഹിക്കുനത്?
പക്ഷികള്‍ , മൃഗങ്ങള്‍ , മരങ്ങള്‍ ,
ചെടികള്‍ , പൂവുകള്‍ , നീ, ഞാന്‍ .....

എന്നിട്ടുമെന്തേ നിങ്ങള്‍ ഞങ്ങളെ ദ്രോഹിക്കുന്നു, അപമാനിക്കുന്നു?
അടക്കിവാഴുന്നു?
നിങ്ങളുടെ ദൈവമിത്ര ക്രൂരനാണോ?
അതോ നിങ്ങളുടെ 'തമ്പുരാന്‍ ' ജീവന്‍റെ ചെകുത്താനോ??

©

പകര്‍പ്പവകാശം © അവള്‍ക്ക് ... അവള്‍ക്ക് മാത്രം ... copyrights© reserved