Tuesday, June 7, 2016

പ്രീയപ്പെട്ട യക്ഷീ..




പ്രീയപ്പെട്ട യക്ഷീ..
കാണാൻ കഴിയും എന്ന് ഞാൻ ഒരിക്കലും വിശ്വസിച്ചിരുന്നില്ല
നേരിട്ട് കാണും വരെ നിന്നെ ഞാനൊരു
ഫാൻസി ഡ്രസ്സ്‌ ആയാണ് സങ്കൽപ്പിച്ചിരുന്നത്
അങ്ങനെയാണ്  പഴമക്കാർ കഥകളിൽ എഴുതിയത്

നിൻറെ പാദം നിലത്തുറക്കില്ല
എന്നവർ പറഞ്ഞിരുന്നു
നിൻറെ പാദം നിലത്ത് ആഴത്തിൽ
ഉറച്ചിരിക്കുന്നു
അതിൽ നിന്നുള്ള ചളി പിടിച്ച വേരുകൾ
മണ്ണിരകളുടെ പേടിസ്വപ്നങ്ങളിലൂടെ കടന്ന്
ഭൂമിയുടെ ഉള്നാമ്പ് വരെ എത്തിയിരിക്കുന്നു
നിൻറെ മുടിയിഴകളിലെ കാറ്റ്
ഭയത്തിൻറെയല്ല, വാത്സല്യത്തിൻറെയാണ്.
നീ കാറ്റിനാലാണ് ചുംബിക്കുന്നത്.
നിൻറെ ചുറ്റിലുമുള്ള ഇരുട്ടിനെ നീ മറയ്ക്കുന്നില്ല
നിൻറെ അതേ ടെസിഗ്നേഷനിലുള്ള 'മാലാഖ'മാരെപ്പോലെ
നീ സ്വയം പ്രകാശിക്കാൻ ആഗ്രഹിക്കുന്നില്ല
ഇരുട്ടിനെ നീ ബഹുമാനിക്കുന്നു.

നീ തണലാകുന്നു,
ഒരു കാടിൻറെ, ഒരു നാടിൻറെ,
ഒരു വംശത്തിൻറെ, ഒരു സംസ്കാരത്തിൻറെ

ആ തണലിൽ ഞാനെൻറെ കവിത സമർപ്പിക്കുന്നു,
ചുവന്ന പൂക്കൾ തന്ന് എന്നെ പ്രണയിച്ചാലും.. <3 nbsp="" p="">

Friday, June 3, 2016

പുകവലിക്കുന്നവരേ.. വിപ്ലവകാരികളേ..




ചരിത്രത്തിൻറെ ചാരുകസേരകളിലിരുന്ന്
ആശയത്തിന്റെ പുകമറ സൃഷ്ടിച്ചവരേ
കാലത്തിന്റെ യുദ്ധഭൂമികളിൽ
വൈരാഗ്യത്തിന്റെ ബീഡിക്കുറ്റികൾ ചവിട്ടിക്കെടുത്തിയവരേ
വിപ്ലവത്തിന്റെ പഴമ്പുരാണങ്ങളിൽ
മാറ്റത്തിന്റെ തീ കൊളുത്തിയവരേ
പകലിനും ഭയത്തിനും ഇടയിലുള്ള ചായക്കടകളിൽ
പ്രതീക്ഷകളുടെ മേഖങ്ങൾ പണിതവരേ

നമുക്കൊരല്പം സംസാരിക്കാം..

നിങ്ങൾ ശെരിക്കും പുനർജനിച്ചവരാണ്
ഏതോ കാലത്തിന്റെ പടയാളികൾ
ഉള്ളിൽ എരിയുന്ന ഏതോ കനലിന്
തീ പാകുകയാണ് നിങ്ങൾ

നിങ്ങൾ ശെരിക്കും ചിന്തകരാണ്‌
മരണത്തിന്റെ സൈറൺ മുഴക്കി
കയ്യിലേക്കെത്തുന്ന ഒരോ പാക്കറ്റ് സിഗരറ്റിലും
നിങ്ങൾ ചിന്തിക്കുന്നു
ഓടിമറയുന്ന സെക്കന്റുകളെ ലാഘവത്തോടെ
പുകവളയങ്ങളാക്കുന്നു

നിങ്ങൾ ശെരിക്കും വിപ്ലവകാരികളാണ്
നിങ്ങളുടെ ചുണ്ടുകളിൽ എരിയുന്ന തീയുണ്ട്‌
രക്തത്തിൽ പുകയും
ശ്വാസത്തിൽ മുദ്രാവാക്യങ്ങളും ഉണ്ട്

മനുഷ്യരോളം പഴക്കമുള്ള ഈ
വിപ്ലവത്തിനു മുന്നിൽ ഇന്നും
വൈദ്യശാസ്ത്രം മുട്ടുമടക്കി നിൽക്കുന്നു

വിപ്ലവകാരികൾ വീണ്ടും
ജനിക്കുന്നു മരിക്കുന്നു.

©

പകര്‍പ്പവകാശം © അവള്‍ക്ക് ... അവള്‍ക്ക് മാത്രം ... copyrights© reserved