Monday, December 26, 2022

രണ്ട് പുഴകൾ

രണ്ട് പുഴകൾ ഒരുമിച്ച് ചേർന്ന് ഒഴുകാറുണ്ടോ??

ഒരേ താളത്തിൽ.. ഒരേ ഓരങ്ങളെ പുണർന്ന്..

ഇല്ല

രണ്ട് പുഴകൾ ഒരിക്കലും ഒരുമിച്ച് ചേർന്ന് ഒഴുകില്ല

യുഗാന്ത്യങ്ങളിൽ ചില പുഴകൾ തമ്മിൽ കണ്ട്മുട്ടാറുണ്ട്

അവർ അന്യോന്യം നോക്കിയിരുന്ന്

കുഞ്ഞോളങ്ങളെ പറ്റി കഥകൾ പറയും

നിലാവിനെ പറ്റി പാട്ടുകൾ പാടും

തങ്ങളുടെ ഉടലുകളിലൂടെ ഒഴുകുന്ന കടൽ ഒന്നാണെന്ന്

പറഞ്ഞ് അഗാധമായി കെട്ടിപ്പുണരും

അത് കാണുമ്പോൾ

ആകാശം പോലും പൊട്ടിക്കരഞ്ഞ്പോകും

അങ്ങനെ യുഗാന്ത്യങ്ങളിലെ ചില സന്ധ്യകളിൽ

ആകാശം കരയുന്ന നിമിഷങ്ങളിൽ

അവർ ഒരുമിച്ചൊഴുകും

ഒരേ താളത്തിൽ ഒരേ നിലാവിനെയും പേറി..

നക്ഷത്രങ്ങൾ മിന്നുന്ന ഇടവേളയിൽ അവർ വീണ്ടും രണ്ട് പുഴകളാകും..

അവർക്കിടയിലെ ഭൂമിയത്രെ! സ്വാതന്ത്ര്യം.. ✨✨

Wednesday, April 7, 2021

(UNTITLED)

 തുറന്ന ജനാലയിലൂടെ വന്ന കാറ്റിനൊപ്പം

ചുവന്ന തിരശ്ശീലകൾ നൃത്തം ചെയ്തു.


പൊടിപടലങ്ങൾ നക്ഷത്രങ്ങളായി

വെളിച്ചം ആകാശമായി

നിഴലൊരുക്കിയ അരങ്ങിൽ 

നിശബ്ദത സംഗീതമായി.


കാലത്തിലലിഞ്ഞ് 

കാറ്റെങ്ങോ മാഞ്ഞുപോയി 


ചുവന്ന തിരശ്ശീലകൾ 

ലോകത്തെ ഏറ്റവും മനോഹരമായ

നൃത്തത്തിന് സാക്ഷികളായി.. 🌬️

Thursday, March 28, 2019

Алевтина Грунина


ആൽഫറ്റിനാ..
നീ ഒരുപാട് ദൂരം പോയിരിക്കുന്നു..
നിൻ്റെ ശബ്ദം എൻ്റെ കാതുകളിൽ നിന്ന് മങ്ങി 
എൻ്റെ ഹൃദയത്തിൽ മാത്രം അവശേഷിക്കുന്നു.
നിൻ്റെ ഗന്ധം, ഈ മുറിയുടെ ചുമരുകളെ 
മുറുകെപ്പിടിച്ച്‌ നിൽക്കാൻ ശ്രമിക്കുന്നു.

നിൻ്റെ കണ്ണുകളിലെ സത്യം, എൻ്റെ ഉള്ളിൽ 
ഒരു വിളക്കായി അവശേഷിക്കുന്നു.
നിൻ്റെ പുഞ്ചിരി വീണ്ടും 
എൻ്റെ സ്വപ്നങ്ങളിലേക്ക് മടങ്ങിപ്പോയിരിക്കുന്നു.

നിൻ്റെ മൃദുലമായ ചുംബനങ്ങൾക്കും 
ആഴമേറിയ ചിന്തകൾക്കും നടുവിൽ 
ഞാൻ ഒറ്റക്കിരുന്നു. 

എനിക്ക് മുന്നിൽ നിശബ്ദത നിന്നെ മനോഹരമായി 
വരച്ചുകൊണ്ടിരിക്കുന്നു,
ഇമവെട്ടാതെ ഞാനതാസ്വദിക്കുന്നു.. 

Tuesday, June 7, 2016

പ്രീയപ്പെട്ട യക്ഷീ..




പ്രീയപ്പെട്ട യക്ഷീ..
കാണാൻ കഴിയും എന്ന് ഞാൻ ഒരിക്കലും വിശ്വസിച്ചിരുന്നില്ല
നേരിട്ട് കാണും വരെ നിന്നെ ഞാനൊരു
ഫാൻസി ഡ്രസ്സ്‌ ആയാണ് സങ്കൽപ്പിച്ചിരുന്നത്
അങ്ങനെയാണ്  പഴമക്കാർ കഥകളിൽ എഴുതിയത്

നിൻറെ പാദം നിലത്തുറക്കില്ല
എന്നവർ പറഞ്ഞിരുന്നു
നിൻറെ പാദം നിലത്ത് ആഴത്തിൽ
ഉറച്ചിരിക്കുന്നു
അതിൽ നിന്നുള്ള ചളി പിടിച്ച വേരുകൾ
മണ്ണിരകളുടെ പേടിസ്വപ്നങ്ങളിലൂടെ കടന്ന്
ഭൂമിയുടെ ഉള്നാമ്പ് വരെ എത്തിയിരിക്കുന്നു
നിൻറെ മുടിയിഴകളിലെ കാറ്റ്
ഭയത്തിൻറെയല്ല, വാത്സല്യത്തിൻറെയാണ്.
നീ കാറ്റിനാലാണ് ചുംബിക്കുന്നത്.
നിൻറെ ചുറ്റിലുമുള്ള ഇരുട്ടിനെ നീ മറയ്ക്കുന്നില്ല
നിൻറെ അതേ ടെസിഗ്നേഷനിലുള്ള 'മാലാഖ'മാരെപ്പോലെ
നീ സ്വയം പ്രകാശിക്കാൻ ആഗ്രഹിക്കുന്നില്ല
ഇരുട്ടിനെ നീ ബഹുമാനിക്കുന്നു.

നീ തണലാകുന്നു,
ഒരു കാടിൻറെ, ഒരു നാടിൻറെ,
ഒരു വംശത്തിൻറെ, ഒരു സംസ്കാരത്തിൻറെ

ആ തണലിൽ ഞാനെൻറെ കവിത സമർപ്പിക്കുന്നു,
ചുവന്ന പൂക്കൾ തന്ന് എന്നെ പ്രണയിച്ചാലും.. <3 nbsp="" p="">

Friday, June 3, 2016

പുകവലിക്കുന്നവരേ.. വിപ്ലവകാരികളേ..




ചരിത്രത്തിൻറെ ചാരുകസേരകളിലിരുന്ന്
ആശയത്തിന്റെ പുകമറ സൃഷ്ടിച്ചവരേ
കാലത്തിന്റെ യുദ്ധഭൂമികളിൽ
വൈരാഗ്യത്തിന്റെ ബീഡിക്കുറ്റികൾ ചവിട്ടിക്കെടുത്തിയവരേ
വിപ്ലവത്തിന്റെ പഴമ്പുരാണങ്ങളിൽ
മാറ്റത്തിന്റെ തീ കൊളുത്തിയവരേ
പകലിനും ഭയത്തിനും ഇടയിലുള്ള ചായക്കടകളിൽ
പ്രതീക്ഷകളുടെ മേഖങ്ങൾ പണിതവരേ

നമുക്കൊരല്പം സംസാരിക്കാം..

നിങ്ങൾ ശെരിക്കും പുനർജനിച്ചവരാണ്
ഏതോ കാലത്തിന്റെ പടയാളികൾ
ഉള്ളിൽ എരിയുന്ന ഏതോ കനലിന്
തീ പാകുകയാണ് നിങ്ങൾ

നിങ്ങൾ ശെരിക്കും ചിന്തകരാണ്‌
മരണത്തിന്റെ സൈറൺ മുഴക്കി
കയ്യിലേക്കെത്തുന്ന ഒരോ പാക്കറ്റ് സിഗരറ്റിലും
നിങ്ങൾ ചിന്തിക്കുന്നു
ഓടിമറയുന്ന സെക്കന്റുകളെ ലാഘവത്തോടെ
പുകവളയങ്ങളാക്കുന്നു

നിങ്ങൾ ശെരിക്കും വിപ്ലവകാരികളാണ്
നിങ്ങളുടെ ചുണ്ടുകളിൽ എരിയുന്ന തീയുണ്ട്‌
രക്തത്തിൽ പുകയും
ശ്വാസത്തിൽ മുദ്രാവാക്യങ്ങളും ഉണ്ട്

മനുഷ്യരോളം പഴക്കമുള്ള ഈ
വിപ്ലവത്തിനു മുന്നിൽ ഇന്നും
വൈദ്യശാസ്ത്രം മുട്ടുമടക്കി നിൽക്കുന്നു

വിപ്ലവകാരികൾ വീണ്ടും
ജനിക്കുന്നു മരിക്കുന്നു.

Friday, February 17, 2012

പകല്‍



യാത്ര പറച്ചിലുകള്‍ക്കൊടുവില്‍
പകലു തേടിയിറങ്ങിയവനെ
വഴി ചതിച്ചു!

ഓര്‍മകളില്‍ മങ്ങിക്കണ്ട
വീഥിയുടെ കരങ്ങള്‍
ഏതോ സൂര്യന്റെ പകലുകളിലേക്ക് വിരല്‍ ചൂണ്ടുന്നു..

ഏതു സൂര്യന്‍?

കിനാവിന്റെ പഴഞ്ചന്‍ സഞ്ചിയില്‍
അവന്‍ പരതിനോക്കി
ഒരുപാട് വെളിച്ചം കണ്ടു,
നന്മയുടെ സൂര്യോദയങ്ങള്‍ കാട്ടിത്തന്ന
അച്ഛന്‍ ,
അറിവിന്റെ ദൈവദീപ്തമായ കണ്ണുകള്‍ തുറന്നുതന്ന
അദ്ധ്യാപകന്‍ ,
പ്രാണന്റെ അമ്മിഞ്ഞ പകര്‍ന്ന് ആത്മാവിന്റെ പ്രകാശമായിതീര്‍ന്ന
അമ്മ ,

ഇവയില്‍ എവിടെയാണ് സൂര്യന്‍??
വീഥിയുടെ നീണ്ട കരങ്ങളെല്ലാം
ഒരേ പകലിലേക്ക് തന്നെയാകുമോ വിരല്‍ ചൂണ്ടുന്നത്?

അവന്‍ യാത്ര തുടര്‍ന്നു ,
വഴി ,
ഇരുളും വെളിച്ചവും
കാലം,
നരയും വിവേകവും
അവനു സമ്മാനിച്ചു.

യാത്രയുടെ അവസാന പടവുകളില്‍
അവനറിഞ്ഞു
വഴി ചതിച്ചിട്ടില്ല!

വന്നടുത്തത് സൂര്യനിലേക്കു തന്നെയാണ്
ആത്മാവിന്റെ പകലിലേക്ക് ,
സ്വപ്നങ്ങളുടെ സൃഷ്ടാവിലേക്ക് ,
അച്ഛന്‍ കാട്ടിത്തന്ന
അമ്മ താലോലിച്ച
വീഥികള്‍ വിരല്‍ ചൂണ്ടിയ
എന്നിലെ എന്നിലേക്ക്‌!

Thursday, February 2, 2012

ദുഃ സ്വപ്നം



കാണാന്‍ കണ്ണുകളും
തിളയ്ക്കാന്‍ ചോരയും
പറയാന്‍ നാവുമുണ്ടായിട്ടെന്തേ
നമ്മള്‍ പ്രതികരിക്കുന്നില്ല?
നാം ഉറങ്ങുകയാണോ??
എങ്കിലെന്തേ ദുഃസ്വപ്നങ്ങളില്‍ നിന്ന്
നമ്മെ ഉണര്‍ത്താറുള്ള ആ ചെകുത്താന്‍ വരുന്നില്ല??
അല്ലെങ്കില്‍, ചെങ്കുത്തായ കൊക്കകളില്‍ നിന്ന് നമ്മള്‍ വീഴുന്നില്ല?
കൊടും പേമാരിയില്‍ അകപ്പെടുന്നില്ല?
നാം ഇപ്പോള്‍ ഒരു മരുഭൂമിയിലല്ലേ?
അതിഭീകരമാംവിധം വിജനമായ ഒരു മരുഭൂമിയില്‍ ?
ഇത് ദുഃ സ്വപ്നം അല്ലെങ്കില്‍ പിന്നെന്തേ
നാം തമ്മില്‍ കാണുന്നില്ല?
ഒരുമിച്ചു ചിന്തിക്കുനില്ല ?
ഒരിക്കലും ഉണരുന്നില്ല ?

©

പകര്‍പ്പവകാശം © അവള്‍ക്ക് ... അവള്‍ക്ക് മാത്രം ... copyrights© reserved