Monday, October 31, 2011

പ്രതീക്ഷകള്‍


വറ്റിപോയ പ്രതീക്ഷകളില്‍ വെയിലടിച്ചപ്പോള്‍
ഉള്ളില്‍ മഴപെയ്തു..
പ്രതീക്ഷകളൊന്നും ഇല്ലാതെ
അപ്രതീക്ഷിതമായ ഒരു മഴ.
കാലത്തിന്‍റെ നദിയിലേക്ക് അതൊഴുകുന്നു.
ജീവന്‍റെ ഏതോ കണികയിലിരുന്നു
ഞാനതു കണ്ടു.
സമയത്തോട്‌ മല്ലിട്ട് മരിച്ച ഖടികാരങ്ങളില്‍
മണി മുഴങ്ങി.
കണ്ണ് ചിമ്മാതെ ഞാന്‍ മഴയെ നോക്കി..
അറിവിന്‍റെ വരണ്ട പാടങ്ങളില്‍
പ്രതീക്ഷയുടെ മഴപെയ്യുന്നു.
ഇനിയതില്‍ ഭാവിയുടെ വിത്ത് വിതക്കാം.
കാലം ഗണിക്കുന്ന തവളകള്‍ കരയുന്നില്ല.
ആകെ കണ്ടത് ഒരു കഴുകനെയായിരുന്നു..
എന്‍റെ മനസ്സിലെ മഴയെ കൊത്തിയെടുത്ത് പറന്ന് പോകുന്ന..
ഒരു കഴുകനെ...

വറ്റിയ പ്രതീക്ഷകള്‍ ..



ഇയോഗോമാരേ
വിളമ്പൂ എനിക്കൊരു പാത്രം വിഷം..

ഉള്ളില്‍ എരിയുന്ന അഗ്നിയെ ശമിപ്പിക്കാന്‍
ഏഴ് കടലും പോരാതെ വരുമ്പോള്‍ ,
വിളമ്പൂ ഈ വീഞ്ഞ് കോപ്പയില്‍
എനിക്കല്പ്പം വിഷം..

മരണം ദാഹിച്ചിട്ടല്ല,
ജീവന്‍ തൊണ്ടയില്‍ കുരുങ്ങുന്നു..
കാലഹരണപ്പെട്ടുപോയ സ്നേഹം ഭക്ഷിച്ച്-
ഞാന്‍ വീര്‍പ്പുമുട്ടുന്നു...

ഇയോഗോമാരേ,
തരികെനിക്കല്‍പ്പം വിഷം...

മരണം മനസ്സിനെ ചുവപ്പിക്കുമ്പോള്‍്,
പ്രതീക്ഷയുടെ ജീവന്‍ പോലും
എന്നെ വരിഞ്ഞു മുറുക്കുന്നു..

ശ്വാസം നിലച്ചിട്ടും എന്‍റെ ഹൃദയം
വീണ്ടും വീണ്ടും..എന്തിനോമിടിക്കുന്നു..

അതുകൂടി ശമിക്കട്ടെ...
ഇയോഗോമാരേ..
വിളമ്പൂ എനിക്കൊരു പാത്രം വിഷം,
ദാഹം മാറ്റാന്‍
അല്‍പ്പം വറ്റിയ പ്രതീക്ഷകളും...

Sunday, October 16, 2011

ചെങ്കൊടി



സ്വാതന്ത്യം ലഭിക്കാന്‍ എന്തു ചെയ്യണം ??
നടുമുറ്റത്ത്‌ ഒരു കൊടിനാട്ടിയാല്‍ മതിയാകും..
കെട്ടിടത്തിനു പുറകിലെ ഇടുങ്ങിയ
വഴിയിലൂടെ ചെന്നാല്‍ ഒരു പുഴ കാണാം,
നടക്കുംബോള്‍ സൂക്ഷിക്കണം
അനീതിക്കെതിരെ ശബ്ദമുയര്‍ത്തിയവന്റെ
ആത്മാവിനു ഇനിയും മോക്ഷം കീട്ടിയിട്ടില്ലത്രെ !
പുഴയ്ക്കു ചുറ്റും നിയമത്തിന്റെ വേലികളുണ്ട്
വേലി പൊളിച്ചു വേണം തോണിയുണ്ടാക്കാന്‍
പുഴയിലിറങ്ങുംമ്ബോള്‍ സൂക്ഷിക്കണം
തോണി, തോണിക്കാരനെ മുക്കിക്കൊന്ന കടവാണ്!
അക്കരെയെത്താന്‍ എളുപ്പമാണ്
മനസ്സാക്ഷിയുള്ള മുതലകള്‍ ചതിക്കില്ല
കടവില്‍ യക്ഷികള്‍ കാണും
ഒരല്‍പം ചോര, ഏറിയാല്‍ സ്വന്തം ജീവന്‍
അത്രയും മതിയാകും
ഉടലും കെട്ടി വച്ചവര്‍ കൊടിമരം പുഴയിലൂടെ ഒഴുക്കും ..
അതൊഴുകി കടവിലെത്തുമ്ബോള്‍
കാത്തു നില്‍ക്കുന്ന അനുയായികള്‍
ഉടലോടെ അതെന്തും ...
ഒന്നേ ഓര്‍ക്കേണ്ടതുള്ളു

വിപ്ലവത്തിന്റെ ചെങ്കൊടി
എത്രതുള്ളി ചുവപ്പാണ്??

Thursday, October 13, 2011

അടിമകള്‍

ഓരോ ജഡത്തിലും അവര്‍ പരതി നോക്കി
ചിലത് കബന്ധങ്ങളായിരുന്നു..
അതിലും ഭീകരമായിരുന്നു മറ്റുചിലത്!
അറ്റ് പോയത് ശിരസ്സോ കാലോ മറ്റവയവങ്ങളോ അല്ല,
സ്വപ്നങ്ങളും പ്രതീക്ഷകളും ആയിരുന്നു!

കൊലയാളികളും കൂട്ട് പ്രതികളും നിരവധി ഉണ്ടായിരുന്നു
അവര്‍ ഒറ്റ സ്വരത്തില്‍ പറഞ്ഞു ..
ഇത്, ആത്മഹത്യയാണ്! കൂട്ടാത്മഹത്യ!!

പുറമേ മുറിവുകള്‍ ഇല്ലാത്ത ശവത്തി-
നരികിലിരുന്നൊരമ്മ ആരാഞ്ഞു..
ഇതിനും ഞാന്‍ പിഴ അടയ്ക്കേണ്ടതുണ്ടോ??

പണയത്തില്‍ വച്ച തുലാസും ഏന്തി
കണ്ണ് മുറുക്കിയടച്ച് നീതിയുടെ ദേവത പറഞ്ഞു
കൊലക്കയര്‍ നിങ്ങള്‍ക്ക്‌ പാകമാകില്ല
നിയമത്തിന്‍റെ ചിതലുകള്‍ നിങ്ങളെ രക്ഷിക്കും.
ആത്മാഭിമാനമുണ്ടെങ്കില്‍ ചിന്തകളെയും-
സ്വാതന്ത്യത്തെയും ചുട്ടെരിച്ച കൈത്തോക്ക്-
സ്വന്തം ശിരസ്സോട് ചേര്‍്ത്ത് പിടിക്കൂ..
കരയാന്‍ വിതുമ്പുന്ന തോക്ക് സ്വയം ചീറ്റും!!!

©

പകര്‍പ്പവകാശം © അവള്‍ക്ക് ... അവള്‍ക്ക് മാത്രം ... copyrights© reserved