Monday, December 26, 2022

രണ്ട് പുഴകൾ

രണ്ട് പുഴകൾ ഒരുമിച്ച് ചേർന്ന് ഒഴുകാറുണ്ടോ??

ഒരേ താളത്തിൽ.. ഒരേ ഓരങ്ങളെ പുണർന്ന്..

ഇല്ല

രണ്ട് പുഴകൾ ഒരിക്കലും ഒരുമിച്ച് ചേർന്ന് ഒഴുകില്ല

യുഗാന്ത്യങ്ങളിൽ ചില പുഴകൾ തമ്മിൽ കണ്ട്മുട്ടാറുണ്ട്

അവർ അന്യോന്യം നോക്കിയിരുന്ന്

കുഞ്ഞോളങ്ങളെ പറ്റി കഥകൾ പറയും

നിലാവിനെ പറ്റി പാട്ടുകൾ പാടും

തങ്ങളുടെ ഉടലുകളിലൂടെ ഒഴുകുന്ന കടൽ ഒന്നാണെന്ന്

പറഞ്ഞ് അഗാധമായി കെട്ടിപ്പുണരും

അത് കാണുമ്പോൾ

ആകാശം പോലും പൊട്ടിക്കരഞ്ഞ്പോകും

അങ്ങനെ യുഗാന്ത്യങ്ങളിലെ ചില സന്ധ്യകളിൽ

ആകാശം കരയുന്ന നിമിഷങ്ങളിൽ

അവർ ഒരുമിച്ചൊഴുകും

ഒരേ താളത്തിൽ ഒരേ നിലാവിനെയും പേറി..

നക്ഷത്രങ്ങൾ മിന്നുന്ന ഇടവേളയിൽ അവർ വീണ്ടും രണ്ട് പുഴകളാകും..

അവർക്കിടയിലെ ഭൂമിയത്രെ! സ്വാതന്ത്ര്യം.. ✨✨

©

പകര്‍പ്പവകാശം © അവള്‍ക്ക് ... അവള്‍ക്ക് മാത്രം ... copyrights© reserved