Thursday, October 13, 2011

അടിമകള്‍

ഓരോ ജഡത്തിലും അവര്‍ പരതി നോക്കി
ചിലത് കബന്ധങ്ങളായിരുന്നു..
അതിലും ഭീകരമായിരുന്നു മറ്റുചിലത്!
അറ്റ് പോയത് ശിരസ്സോ കാലോ മറ്റവയവങ്ങളോ അല്ല,
സ്വപ്നങ്ങളും പ്രതീക്ഷകളും ആയിരുന്നു!

കൊലയാളികളും കൂട്ട് പ്രതികളും നിരവധി ഉണ്ടായിരുന്നു
അവര്‍ ഒറ്റ സ്വരത്തില്‍ പറഞ്ഞു ..
ഇത്, ആത്മഹത്യയാണ്! കൂട്ടാത്മഹത്യ!!

പുറമേ മുറിവുകള്‍ ഇല്ലാത്ത ശവത്തി-
നരികിലിരുന്നൊരമ്മ ആരാഞ്ഞു..
ഇതിനും ഞാന്‍ പിഴ അടയ്ക്കേണ്ടതുണ്ടോ??

പണയത്തില്‍ വച്ച തുലാസും ഏന്തി
കണ്ണ് മുറുക്കിയടച്ച് നീതിയുടെ ദേവത പറഞ്ഞു
കൊലക്കയര്‍ നിങ്ങള്‍ക്ക്‌ പാകമാകില്ല
നിയമത്തിന്‍റെ ചിതലുകള്‍ നിങ്ങളെ രക്ഷിക്കും.
ആത്മാഭിമാനമുണ്ടെങ്കില്‍ ചിന്തകളെയും-
സ്വാതന്ത്യത്തെയും ചുട്ടെരിച്ച കൈത്തോക്ക്-
സ്വന്തം ശിരസ്സോട് ചേര്‍്ത്ത് പിടിക്കൂ..
കരയാന്‍ വിതുമ്പുന്ന തോക്ക് സ്വയം ചീറ്റും!!!

No comments:

©

പകര്‍പ്പവകാശം © അവള്‍ക്ക് ... അവള്‍ക്ക് മാത്രം ... copyrights© reserved